സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. എ.ഐ.എഫ്.എഫ്. കോമ്പറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധികളായ ആന്‍ഡ്രൂര്‍, സി.കെ.പി. ഷാനവാസ് എന്നിവരുടെ നേത്യത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്.
 
കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളായ മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയം എന്നിവ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനക്ക് ശേഷം എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ വിവിധ സബ്കമ്മിറ്റികളെ നേരിട്ട് ബോധ്യപ്പെടുത്തി. പയ്യനാട് സ്റ്റേഡിയത്തില്‍ കോര്‍ണര്‍ ഫ്‌ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍ അവശ്യമായ സ്റ്റാന്റ് നിര്‍മാണം, മീഡിയ റൂമിന്റെ സൗകര്യം വര്‍ധിപ്പിക്കല്‍, നിലവിലെ ഫ്‌ളഡ് ലൈറ്റുകളുടെ നവീകരണം, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. കോട്ടപ്പടി സ്റ്റേഡിയങ്ങളിലെ പ്രവര്‍ത്തികളും സംഘം വിലയിരുത്തി. ഫെന്‍സിങുകള്‍ മാറ്റി സ്ഥാപിക്കല്‍, ടെലിക്കാസ്റ്റിന് വേണ്ട സൗകര്യങ്ങള്‍, പെയിന്റിങ്, സബ് സിറ്റിയൂഷന്‍ പവലിയന്‍ ക്രമീകരിക്കല്‍ തുടങ്ങിയവയാണ് കോട്ടപ്പടിയിലെ ജോലികള്‍.
സെക്യൂരിറ്റിയാണ് പിന്നീട് ഇരുസ്റ്റേഡിയങ്ങളിലും നിര്‍ദേശിച്ച കാര്യം. മലപ്പുറം ജില്ലയില്‍ മത്സരങ്ങള്‍ നടക്കുന്നതുകൊണ്ട് കാണാനെത്തുന്നവരുടെ എണ്ണം അധികമായിരിക്കുമെന്നാണ് എ.ഐ.എഫ്.എഫ് സംഘത്തിന്റെ നിഗമനം. അതുകൊണ്ട് കളിക്കാരുടെയും മറ്റു ഒഫീഷ്യലുകളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് എ.ഐ.എഫ്.എഫ് നിര്‍ദേശിച്ചു.
 
മത്സര ക്രമങ്ങള്‍ അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും. ഒരു ഗ്രൂപ്പ് മത്സരം ഒരു സ്റ്റേഡിയത്തില്‍ നടക്കുമെന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ഇരു ഗ്രൂപ്പുകളുടെയും മത്സരങ്ങള്‍ ഇരു വേദിയിലുമായി നടത്താന്‍ എ.ഐ.എഫ്.എഫ് ആലോചിക്കുന്നുണ്ട്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിനും പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനുമായിരിക്കും മത്സരങ്ങള്‍ നടക്കുക. ഉദ്ഘാടന ദിവസം കോട്ടപ്പടിയില്‍ രാവിലെയാകും മത്സരം. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളായിരിക്കും സെമിക്ക് യോഗ്യത നേടുക.
 
യോഗത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു. ഷറഫലി, ഡി.വൈ. ഡി.എം.ഒ. ഡോ. മുഹമ്മദ് അഫ്‌സല്‍, സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി. അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്.പി., എക്‌സിക്യൂറ്റീവ് അംഗങ്ങളായ മനോഹരകുമാര്‍, ഹൃഷികേശ് കുമാര്‍ പി, കെ. അബ്ദുല്‍ നാസര്‍, സി. സുരേശ്, മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അഷ്‌റഫ്, സെക്രട്ടറി പി.എം. സുധീര്‍, വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.