സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി 15 ദിവസം മാത്രം ബാക്കിനില്‍ക്കെ മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങിലെ സുരക്ഷ -പാര്‍ക്കിങ് സംവിധാനങ്ങള്‍ ഡി.വൈ.എസ്.പിമാരായ പ്രദീപ് കുമാര്‍, കെ.എം ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുസ്റ്റേഡിയങ്ങളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കോട്ടപ്പടി സ്റ്റേഡിയത്തില്‍ വാഹന പാര്‍ക്കിങിന് പ്രത്യേകം സൗകര്യം ഒരുക്കാന്‍ ഡി.വൈ.എസ്.പിമാര്‍ നിര്‍ദേശം നല്‍കി. മത്സരം നടക്കുന്ന സമയത്ത് സ്റ്റേഡിയം റോഡ് പൂര്‍ണമായും അടച്ചിടും. കളിക്കാരുടെയും ഒഫീഷ്യലുകളുടെയും വാഹനങ്ങള്‍ മാത്രമായിരിക്കും സ്റ്റേഡിയം റോഡിലേക്ക് കടത്തിവിടുക. വി.വി.ഐ.പി., വി.ഐ.പി തുടങ്ങിയവരുടെ വാഹനങ്ങള്‍ ബോയിസ് സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്യാനാണ് നിലവിലെ തീരുമാനം.
പയ്യനാട് സ്റ്റേഡിയത്തിലെ പാര്‍ക്കിങ് സൗകര്യത്തില്‍ സംഘം തൃപ്തി അറിയിച്ചു. കേരളത്തിന്റെ മത്സരമടക്കം നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തില്‍ പാര്‍ക്കിങ് നിയന്ത്രിക്കാന്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തും. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം കെ. മനോഹരകുമാര്‍ തുടങ്ങിയവരും ഡി.വൈ.എസ്.പിമാര്‍ക്കൊപ്പമുണ്ടായിരുന്നു.